Kerala
തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്ന്ന് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. 20 സെ.മീ. വീതമാണ് തുറന്നത്.
നടപടി നെയ്യാർ ഡാമിലെ പരമാവധി ജലനിരപ്പ് 84.750 മീറ്ററിലെത്തിയ സാഹചര്യത്തിൽ. വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് ശക്തമാണ്.
വനപ്രദേശങ്ങളിലും മഴ ശക്തമാണ്. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര് അറിയിച്ചു.
Leader Page
അതിരാവിലെ വർക്കിച്ചൻ ബെഡ്കോഫി കുടിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഫോൺസന്ദേശം പറന്നുവന്നത്. കൂട്ടുകാരനും അയൽക്കാരനുമായ അവറാച്ചന്റെ ഭാര്യ റോസമ്മയാണ് വിളിക്കുന്നത്. അവറാച്ചൻ രാവിലെ കുളിമുറിയിൽ ബോധംകെട്ടു വീണെന്നും ആശുപത്രിയിലക്ക് കൊണ്ടുപോയെന്നുമാണ് ന്യൂസ്. ആ വീട്ടിൽ അവറാച്ചനും ഭാര്യയുമല്ലാതെ മറ്റാരുമില്ല. എകമകൾ ബംഗളൂരുവിൽ പഠിക്കുകയാണ്. നല്ല അയൽക്കാരനായ വർക്കിച്ചനും ഭാര്യ മേരിക്കുട്ടിയും നേരം കളയാതെ ആശുപത്രിയിലേക്ക് ചെന്നു. അവറാച്ചൻ അത്യാസന്നനിലയിലാണ്. അദ്ദേഹം പതിവായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ ഏതൊക്കെയാണെന്ന് ഡോക്ടർ റോസമ്മയോടു ചോദിച്ചു.
മുറിയുടെ താക്കോലെവിടെ?
അവറാച്ചന്റെ മരുന്നുകളെക്കുറിച്ചുള്ള ഡോക്ടറുടെ ചോദ്യത്തിനു മുമ്പിൽ റോസമ്മ ഒന്നും പറയാനാവാതെ അമ്പരന്നു നിന്നു. ഭർത്താവിന്റെ മരുന്നുകളുടെ പേരോ, മറ്റു വിവരങ്ങളോ അവർക്ക് പിടിയില്ല! എന്തിന്, ഭർത്താവിന്റെ ഫോൺ പോലും എവിടെയെന്ന് അറിയില്ല! “അങ്ങേർക്ക് വീട്ടിൽ ഒരു പ്രത്യേക മുറിയുണ്ട്. അവിടെ എന്നെയും മകളെയും കയറ്റാറില്ല. വല്ലാത്ത സ്വഭാവമാണ്. ഒരു കാര്യവും കൃത്യമായി പറയില്ല. വീട്ടുചെലവിനുള്ള പണം ദിവസവും എന്നെ ഏല്പിക്കും. അതിനും കൃത്യമായ കണക്കു കൊടുക്കണം. എനിക്കുള്ള തുണിപോലും വർഷത്തിലൊരിക്കലാണ് വാങ്ങുന്നത്”- റോസമ്മ തേങ്ങിക്കരഞ്ഞു.
വർക്കിച്ചനും മേരിക്കുട്ടിയും മുഖത്തോടു മുഖം നോക്കി തരിച്ചുനിന്നു. “റോസമ്മേ, അവറാച്ചന്റെ മുറിയുടെ താക്കോലിങ്ങു തന്നാൽ ഞങ്ങൾ മുറി തുറന്ന് അങ്ങേരുടെ ഗുളികയും മറ്റും എടുത്തുകൊണ്ടു വരാം”- വർക്കിച്ചൻ പറഞ്ഞു.
അതു കേട്ട് റോസമ്മ പിന്നെയും കണ്ണുമിഴിച്ചു. രഹസ്യങ്ങളുറങ്ങുന്ന അവറാച്ചന്റെ മുറി പൂട്ടിക്കിടക്കുകയാണ്. അതിന്റെ താക്കോൽ എവിടെയാണെന്ന് ആർക്കുമറിഞ്ഞുകൂടാ!
മരുന്നുകൾ മാത്രല്ലേ, പേഴ്സും ഡയറിയും ബാങ്കിന്റെ പാസ്ബുക്കും പറമ്പിന്റെ ആധാരവുമൊക്കെ ആ മുറിയിൽ വച്ച് പൂട്ടി താക്കോൽ എവിടെയോ വച്ചിരിക്കുകയാണ്. “എന്റെ വർക്കിച്ചാ! അങ്ങേരുടെ രോഗങ്ങൾ, വരുമാനം, കടം, സമ്പാദ്യം എന്നിവയെക്കുറിച്ചൊന്നും എനിക്കും മകൾക്കും ഒരു കുന്തവുമറിയില്ല. എന്തെങ്കിലും ചോദിച്ചാൽ കടിച്ചുകീറാൻ വരും. ആരെയും പേടിയില്ലാതെ തന്നിഷ്ടം പോലെ ജീവിക്കുന്ന മനുഷ്യനാണ്. വീട്ടിലുള്ള പെണ്ണുങ്ങൾ എന്തു ചെയ്യാനാണ്?’’- റോസമ്മ പിന്നെയും കണ്ണീർ പൊഴിച്ചു.
തുറക്കാത്ത വാതിൽ
റോസമ്മയുടെ സങ്കടം കണ്ടപ്പോൾ വർക്കിച്ചന് ഒന്നും മിണ്ടാൻ സാധിച്ചില്ല. അവരെപ്പോലൊരു പാവം ഭാര്യ എന്തു ചെയ്യാനാണ്? കുളിമുറിയിൽ വീണു ബോധംകെട്ടുപോയ അവറാച്ചന് എന്തെങ്കിലും സംഭവിച്ചാൽ ചിലപ്പോൾ ചികിത്സാരേഖകളും ആധാർ കാർഡുമൊക്കെ പോലീസിനും മറ്റ് അധികാരികൾക്കും പരിശോധനയ്ക്ക് നൽകേണ്ടിവരും. അവയൊക്കെ കണ്ടെടുക്കാൻ എന്താണൊരു മാർഗം? അവറാച്ചന്റെ നിലവറമുറിയുടെ താക്കോൽ കിട്ടിയില്ലെങ്കിൽ കതക് പൊളിച്ച് അകത്തു കയറിയാലോ? അതു നാണക്കേടാണ്. പക്ഷേ, ഇങ്ങനെയുള്ള തന്നിഷ്ടക്കാരായ ഭർത്താക്കന്മാരുള്ള വീടുകളിൽ വേറെ മാർഗമില്ല. ഇത്തരം ആൺസിംഹങ്ങൾക്ക് വയ്യാതാകുമ്പോഴാണ് വീട്ടുകാർ കുഴങ്ങിപ്പോകുന്നത് - വർക്കിച്ചൻ ചിന്തിച്ചു.
അവറാച്ചന്റെ ‘ബി’ നിലവറ
ഒടുവിൽ, അവറാച്ചന്റെ മുറി ബലം പ്രയോഗിച്ചു തുറക്കാൻ റോസമ്മ അനുവാദം നൽകി. വർക്കിച്ചൻ അയൽക്കാരായ രണ്ടു പേർക്കൊപ്പം അവറാച്ചന്റെ വീട്ടിലെത്തി പ്രധാന മുറിയുടെ കതകിന്റെ പൂട്ടു പൊളിക്കാൻ തുടങ്ങി. “അനന്തപുരിയിലെ ‘ബി’ നിലവറ പോലെ ഇവിടെയും നിധി വല്ലതും കാണുമോ?”- വർക്കിച്ചന്റെ ഒപ്പമുണ്ടായിരുന്ന ഒരുവൻ പ്രത്യാശയോടെ ചോദിച്ചു. അവരുടെ തെല്ലുനേരത്തെ പ്രയത്നഫലമായി കതകിന്റെ പൂട്ടു തകർന്നു.
അവാച്ചന്റെ മുറി ഒരത്ഭുത നിലവറയായിരുന്നു. ഒരു ഓഫീസ് ടേബിൾ, ബുക്ക് ഷെൽഫ്, വലിയൊരു ഷോക്കേസ്- ഇത്രയുമായിരുന്നു അവിടെയുണ്ടായിരുന്നത്. ഓഫീസ് മേശയുടെ ഒരു ഭാഗത്ത് ഭരണിയിൽ പത്തുരൂപയുടെ പഴയ നാണയങ്ങൾ നിറച്ചുവച്ചിരിക്കുകയാണ്. മേശയുടെ മറ്റൊരു ഭാഗത്ത് വൈദ്യുതി, വാട്ടർബില്ലുകളുടെ രസീതുകൾ വൃത്തിയായി പിൻചെയ്തു വച്ചിരിക്കുന്നു. പഴയ പത്രങ്ങൾ അടുക്കിക്കെട്ടി മറ്റൊരിടത്ത് ഭിത്തിയോടു ചേർത്ത് സൂക്ഷിച്ചിട്ടുണ്ട്. ഒരു ചെറിയ ബുക്ക്ഷെൽഫിൽ കുറെ പഴയ ഡയറികള് കണ്ടു. ഡയറികളെല്ലാ റബറിന്റെ വെട്ടുകണക്കും വരുമാനവും കൃത്യമായി എഴുതിവച്ചിരിക്കുന്നു!
ഓഫീസ് ടേബിളിന്റെ ഡ്രോകളുടെ പൂട്ടുകൾ തകർത്ത് അവ തുറന്നപ്പോൾ, അതാ- അതിനുള്ളിൽ അനേകം ഗുളികകൾ, മരുന്നുകുപ്പികൾ, സിഗരറ്റ് പായ്ക്കറ്റുകൾ! ഗുളികകളുടെ കവറുകൾ പരിശോധിച്ചപ്പോഴാണ് അവയെല്ലാം ഒരു വർഷത്തോളം പഴക്കമുള്ളവയാണെന്ന് മനസിലായത്. അവറാച്ചൻ ഗുളികകൾ കഴിക്കുന്നത് നിർത്തിയിട്ട് ഒരു വർഷമായെന്നർഥം. എന്തായാലും പുതിയ മരുന്നുകൾ, ബാങ്ക് രേഖകൾ, പാസ്ബുക്ക്, എടിഎം കാർഡ്, പണം എന്നിവയൊന്നും എങ്ങുമില്ലെന്ന് മനസിലായി.
വീട്ടുകാരന്റെ പണം എവിടെ?
നിരാശയോടെ വർക്കിച്ചൻ ആശുപത്രിയിൽ തിരിച്ചെത്തിയപ്പോർ അവറാച്ചന്റെ ഭാര്യ പരിഭ്രമിച്ചു നിൽക്കുന്നതാണു കണ്ടത്. അവറാച്ചന് ഒരു മേജർ ഓപ്പറേഷൻ വേണം. അമ്പതിനായരം രൂപ ഉടനെ ആശുപത്രിയിൽ കൊടുക്കണം. പക്ഷേ, പൈസ എവിടുന്ന്, എങ്ങനെയെടുക്കും? അവറാച്ചന്റെ ബാങ്കിടപാടുകൾ എവിടെയാണ്? സേവിംഗ്സിൽ എത്ര പണമുണ്ട്? ഫിക്സഡ് ഡെപ്പോസിറ്റ് എത്രയുണ്ട്? എടിഎം കാർഡ് എവിടെയാണ്? അതിന്റെ നമ്പർ എന്താണ്? മെഡിക്കൽ ഇൻഷ്വറൻസ് വല്ലതുമുണ്ടോ? ഒരു നിശ്ചയവുമില്ല. അവറാച്ചന്റെ ആധാർ കാർഡ് പോലും എവിടെയാണെന്നറിയാത്ത ഭാര്യ റോസമ്മ എന്തു പറയാനാണ്?
സമയം കളയാനില്ലാത്തതിനാൽ വർക്കിച്ചൻതന്നെ ആശുപത്രിയിലെ പൈസയടച്ചു.
“ഇതുകൊണ്ടായില്ല. പണം ഇനിയും വേണ്ടിവരും. നിങ്ങൾ ഇവിടെയടുത്തുള്ള സഹകരണബാങ്കുകളിലും മറ്റും പോയി അവറാച്ചന് അവിടെയെവിടെയെങ്കിലും അക്കൗണ്ടോ, ഡെപ്പോസിറ്റോയുണ്ടോയെന്ന് അന്വേഷിച്ചു നോക്ക്!’’- വർക്കിച്ചന്റെ ഉചിതജ്ഞയായ ഭാര്യ മേരിക്കുട്ടി പറഞ്ഞു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറന്നെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇസ്രയേൽ-ലെബനൻ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെതുടർന്നാണ് ഹോർമുസ് തുറന്നത്. എന്നാൽ വാണിജ്യ കപ്പലുകൾക്ക് മാത്രമായി 10 ദിവസത്തേക്ക് ഹോർമുസ് തുറന്നെന്നാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇന്നലെ വ്യക്തമാക്കിയത്.
അരഗ്ചിയുടെ പ്രഖ്യാപനത്തിനെതിരെ ഇറാനിൽ വിമർശനം ഉയർന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ചില ഇറാനിയൻ മാധ്യമങ്ങളും വിദ്യാർഥി സംഘടനകളും ആവശ്യപ്പെട്ടു. ശത്രുവിന്റെ താൽപ്പര്യങ്ങൾക്ക് ഇറാൻ വഴങ്ങരുതെന്നാണ് ഇറാനിയൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറുമായി (ഐആർജിസി) ബന്ധപ്പെട്ട ചില മാധ്യമങ്ങളും സംഘടനകളും പ്രതികരിച്ചത്.
ഇറാനെതിരെ ഇസ്രയേൽ - യുഎസ് സഖ്യം ആക്രമണം ആരംഭിച്ച ഫെബ്രുവരി അവസാനത്തിനുശേഷം ആദ്യമായാണ് ഹോർമുസ് തുറക്കുന്നത്. എന്നാൽ ഐആർജിസിയുടെ പരിശോധനയ്ക്കുശേഷം അനുമതി ലഭിക്കുന്ന കപ്പലുകൾക്ക് മാത്രമേ ഹോർമുസ് ഇപ്പോഴും കടക്കാനാകുന്നുള്ളൂ എന്ന് റിപ്പോർട്ടുകളുണ്ട്. കപ്പലുകളിൽനിന്ന് ഇറാൻ ‘ടോൾ’ പിരിക്കുന്നുണ്ടോയെന്നും വ്യക്തമല്ല.
ഇറാന്റെ പ്രഖ്യാപനം വന്നശേഷം എട്ട് കപ്പലുകൾ ഹോർമുസ് കടന്നിട്ടുണ്ട്. ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ ഇറാൻ നീക്കം ചെയ്തുതുടങ്ങി.
International
മോസ്കോ: ഹോർമുസ് കടലിടുക്ക് മിക്ക രാജ്യങ്ങൾക്കും മുന്നിൽ അടഞ്ഞുകിടക്കുമ്പോഴും തങ്ങൾക്ക് തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് വിവരം പുറത്തുവിട്ടത്.
കടലിടുക്കിലെ ഗതാഗതം മറ്റ് കപ്പലുകൾക്ക് തടസപ്പെട്ടിരിക്കുകയാണെങ്കിലും റഷ്യൻ കപ്പലുകൾക്ക് അവിടെ യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കുകൾ പ്രകാരം രണ്ടായിരത്തോളം കപ്പലുകളാണ് പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം ദുഷ്കരമായി തുടരുകയാണ്. എന്നാൽ ഇറാൻ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം ചില കപ്പലുകൾക്ക് മാത്രമാണ് നിലവിൽ ഈ പാതയിലൂടെ കടന്നുപോകാൻ സാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ വെളിപ്പെടുത്തൽ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
ഇറാൻ-റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയ്ക്ക് പിന്നാലെയാണ് ഉഷാക്കോവിന്റെ പ്രസ്താവന പുറത്തുവന്നത്. ഹോർമുസ് കടലിടുക്കിലെ നാവിക സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി സംസാരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Kerala
പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചു.
തുടർന്ന് പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഞായറാഴ്ച രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. മീനമാസം ഒന്നു മുതൽ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും. പൂജകൾ പൂർത്തിയാക്കി 19ന് രാത്രി പത്തിന് നടയടയ്ക്കും.
തുടർന്ന് ശബരിമല ഉത്സവത്തിനായി 22ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. 23 ന് ഉത്സവത്തിന് കൊടിയേറും. 31 ന് പള്ളിവേട്ടയും ഏപ്രിൽ ഒന്നിന് പമ്പയിൽ ആറാട്ടും നടക്കും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി രാത്രി പത്തിന് നട അടയ്ക്കും.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആശങ്കപ്പെടുത്തുന്ന രീതിയിൽ തുടരുന്നതിനിടയിൽ ഇന്ത്യൻ പൗരർക്ക് സഹായങ്ങൾ നൽകാൻ തലസ്ഥാനത്ത് സ്പെഷൽ കണ്ട്രോൾ റൂം തുറന്നു.
സഹായം ആവശ്യമുള്ളവർക്ക് ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ കണ്ട്രോൾ റൂമുമായി രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ ബന്ധപ്പെടാമെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 1800118797 (ടോൾ ഫ്രീ), +91 11 2301 2113, +91 11 2301 4104, +91 11 2301 7905 എന്നീ നന്പറുകളിൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാം.
മധ്യപൂർവേഷ്യൻ മേഖലയിലെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടേണ്ട നന്പറുകൾ കേന്ദ്രം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇറാൻ, ഇസ്രായേൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷ മേഖലയിലുള്ള മലയാളികൾക്കായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് കൺട്രോൾ റൂം തുറന്നത്. 011-23747079, 011-23742320, +91-9310443880 എന്നീ കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടം.
വിവിധ ജിസിസി രാജ്യങ്ങളിലെ എംബസികളുമായി സർക്കാർ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്ന പക്ഷം പുതിയ തീരുമാനങ്ങളും നിർദേശങ്ങളും ഉടനടി അറിയിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികൾ ആരംഭിച്ച ഹെൽപ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
എംബസി ഓഫ് ഇന്ത്യ, അബുദാബി: 800-46342 ടോൾ ഫ്രീ നമ്പർ, വാട്സ് ആപ്പ് : +971543090571. എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946, എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തർ: +974-55647502.
എംബസി ഓഫ് ഇന്ത്യ, ബഹറിൻ: 0097339418071 എന്നിങ്ങനെയാണ് നമ്പറുകൾ. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
District News
പേരൂര്ക്കട: തിരുവനന്തപുരം മെഡിക്കല്കോളജ് ആശുപത്രിയിലെ രോഗികള്ക്കായി ഹെല്പ്പ് ഡസ്ക് പ്രവര്ത്തനം ആരംഭിച്ചു. കേരള എന്ജിഒ യൂണിയന് തിരുവനന്തപുരം നോര്ത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹെല്പ്പ് ഡസ്ക് ആരംഭിച്ചത്. ആശുപത്രിയില് പ്രവര്ത്തിക്കുന്ന കാസ് പ്, മെഡിസെപ് ഉള്പ്പെടെയുള്ള കൗണ്ടറുകളെക്കുറിച്ചും അവയില് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും രോഗികള്ക്കുള്ള സംശയങ്ങള്ക്ക് മറുപടി നല്കുക, വിവിധ ഒപികളെക്കുറിച്ച് വിവരം നല്കുക എന്നിവയ്ക്കൊപ്പം കെ-സോട്ടോയുടെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന അവയവദാന രജിസ്ട്രേഷനും ഈ കൗണ്ടറിലൂടെ നടത്താം.
കാലങ്ങളായി രോഗികള് നേരിടുന്ന ഇത്തരം പ്രശ്നങ്ങള് നേരിട്ടു മനസിലാക്കിയതിന്റെ ഭാഗമായാണ് യൂണിയന് ഹെല്പ്പ് ഡെസ്ക് എന്ന ആശയവുമായി മുന്നോട്ടു വന്നത്. ഒപി ബ്ലോക്കിലെ രണ്ടാം നിലയിലാണ് ഹെല്പ്പ് ഡസ്ക് പ്രവര്ത്തിക്കുന്നത്. എന്ജിഒ യൂണിയന് ജനറല് സെക്രട്ടറി എം.വി. ശശിധരന് ഹെല്പ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം നോര്ത്ത് ജില്ലാ പ്രസിഡന്റ് എസ്. ശ്രീകുമാര് അധ്യക്ഷത വഹിച്ചു. കെ-സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര് നോബിള് ഗ്രേഷ്യസ്, ദക്ഷിണമേഖല നോഡല് ഓഫീസര് രാഖി കൃഷ്ണന്, എന്ജിഒ യൂണിയന് ജില്ല സെക്രട്ടറി പി.കെ. വിനുകുമാര്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സുനില് കുമാര് തുടങ്ങിയവര് പങ്കെടുത്തു.
International
കയ്റോ: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി ഇസ്രയേൽ ഇന്നലെ തുറന്നുകൊടുത്തു. ഗാസയിൽനിന്ന് പുറംലോകത്തെത്താനുള്ള ഏക വഴിയാണ് റാഫ അതിർത്തി. ഹമാസുമായുള്ള യുദ്ധത്തിനിടെ രണ്ടു വർഷം മുന്പാണ് അടച്ചത്.
സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളും പരിശോധിച്ചുറപ്പിച്ച ഇന്നലെ വളരെ കുറച്ചുപേരെയേ അതിർത്തി കടക്കാൻ അനുവദിച്ചുള്ളൂ. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള 50 പലസ്തീനികളെ ഗാസ വിടാൻ അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. ഈജിപ്തിൽനിന്ന് സഹായ വസ്തുക്കൾ നിറച്ച ലോറികളെ ഗാസയിലേക്കു കടക്കാനും അനുവദിച്ചു.
ഇന്നു മുതൽ മുൻകൂർ അനുമതി നേടിയ 150-200 പേരെ ഗാസയ്ക്ക് അകത്തേക്കും പുറത്തേക്കും കടത്തിവിടും. ഇതിന് മുൻകൂർ അനുമതി വേണം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതും യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽ ഗാസയിൽനിന്ന് പലായനം ചെയ്തവരുമായ 20,000 പേരുടെ മുൻഗണനാ പട്ടിക ഇതിനായി തയാറാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് റാഫ അതിർത്തി തുറന്നത്.പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇസ്രേലി മൃതദേഹങ്ങളിൽ അവസാനത്തേതും വീണ്ടെടുത്ത ശേഷമാണ് റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ തയാറായത്.
Kerala
ചേര്ത്തല: പ്രാര്ഥനാനിര്ഭരമായ മനസുകളുമായി ഒരു രാത്രി മുഴുവന് കാത്തിരുന്ന വിശ്വാസികള്ക്കു ദര്ശനപുണ്യമേകി അര്ത്തുങ്കല് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം നടതുറന്നു.
വിശുദ്ധഗ്രന്ഥ വായനയോടും മലയാളം, ലത്തീന് ഭാഷകളിലുള്ള ഗാനശുശ്രൂഷയോടും കൂടെ പുലര്ച്ചെയാണു തിരുസ്വരൂപം പുറത്തെടുത്തു പരസ്യവണക്കത്തിനായി തിരുനടയില് വച്ചത്.
വിശുദ്ധന്റെ തിരുസ്വരൂപം ദര്ശിക്കുവാനും വണങ്ങുവാനുമായി ഇന്നലെ രാത്രി മുതല് വിശ്വാസിസഹസ്രങ്ങള് പള്ളിയിലും മുറ്റത്തുമായി കാത്തിരിക്കുകയായിരുന്നു.
പള്ളിയില് പ്രത്യേകം സൂക്ഷിച്ച അറയില് നിന്നു വര്ഷത്തില് ഒരിക്കല് മാത്രമാണ് അത്ഭുത തിരുസ്വരൂപം പുറത്തെടുക്കുന്നത്. ബസിലിക്ക റെക്ടര് ഫാ.യേശുദാസ് കാട്ടുങ്കല്ത്തയ്യിലിന്റെ നേതൃത്വത്തിലാണു തിരുസ്വരൂപം പുറത്തെടുത്തത്. പ്രധാനതിരുനാള്ദിനം 20 നാണ്. കൃതജ്ഞതാദിനത്തോടെ 27ന് തിരുനാള് സമാപിക്കും.
District News
പെരുമ്പാവൂർ: നവീകരണം പൂർത്തിയായിട്ട് 15 വർഷം കഴിഞ്ഞിട്ടും പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എംസി റോഡിലെ ഓടകൾ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നു. ഈ ഓടകൾ കാൽനട യാത്രക്കാർക്കും റോഡ് ഗതാഗതത്തിനും അപകടഭീഷണിയായി തുടരുകയാണ്.
പരിസ്ഥിതി സംരക്ഷണ കർമസമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തു വകുപ്പ് അധികൃതർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കർമസമിതി അധ്യക്ഷൻ വർഗീസ് പുല്ലുവഴി.
ഹൈവേ ആരംഭിക്കുന്ന അങ്കമാലി മുതൽ മൂവാറ്റുപുഴ വരെ നിരവധി ഇടങ്ങളിൽ 50 മീറ്ററുകൾ മുതൽ 200 മീറ്റർ അകലത്തിൽ ഓടകളിൽ സ്ലാബ് സ്ഥാപിച്ചിട്ടില്ല. പതിവായ അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ റോഡിന്റെ ഇടയിൽ നിന്ന് കാടുവളർന്ന് ഓടകൾമൂടി റോഡ് വരെ എത്തിനിൽക്കുന്നു. അങ്കമാലിക്കു സമീപമുളള നായത്തോട് ജംഗ്ഷൻ, ചേലാമറ്റം, വല്ലം, കാഞ്ഞിരക്കാട്, വട്ടക്കാട്ടുപടി, മലമുറി, നങ്ങേലിപ്പടി, പുല്ലുവഴി, തായ്ക്കരച്ചിറ, കീഴില്ലം ഹൈലവൽ കനാൽ, തൃക്കളത്തൂർ, വാഴപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിൽ എംസി റോഡിന്റെ ഇരുവശവും വ്യാപകമായി ഓടകൾ മൂടിയിട്ടില്ല.
വട്ടക്കാട്ടുപടി, തായറച്ചിറ, പരത്തുവയലിപ്പടി, കീഴില്ലം, തൃക്കളത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ മണ്ണ് നിറഞ്ഞു സ്ലാബുകൾ തകർത്ത് ഓടകൾ ബ്ലോക്ക് ആയ അവസ്ഥയിലാണ്. തുറന്നുകിടക്കുന്ന ഓടകൾ മാലിന്യ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നത് വലിയ സാമൂഹ്യ ശല്യമായി മാറിയിട്ടുണ്ട്.
ഓടകളിൽ സെപ്റ്റിക് മാലിന്യം ഉൾപ്പെടെയുളള മാലിന്യങ്ങൾ തള്ളുന്ന സംഭവങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2002-ൽ കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റ്) തുടക്കം ആദ്യഘട്ട പദ്ധതിയിലുൾപ്പെടുത്തിയാണ് അങ്കമാലി മുതൽ മുവാറ്റുപുഴവരെയുള്ള എംസി റോഡിന്റെ നവീകരണം 2010ൽ പൂർണമാക്കിയത്.
എന്നാൽ പൊതുമരാമത്തുവകുപ്പ് അധികൃതരുടെ അനാസ്ഥയാണ് ഒന്നര പതിറ്റാണ്ടിനുശേഷവും ഓടകൾ ഈ അവസ്ഥയിൽ തുടരാൻ കാരണം. ഓടകളുടെ പരിപാലനച്ചുമതല ഒപിബിആർസി (ഔട്ട്പുട്ട് ആൻഡ് പെർഫോർമൻസ് ബെയ്സ്ഡ് റോഡ് കോൺട്രാക്റ്റ്) പ്രകാരമുള്ള കരാർ സ്ഥാപനമാണ്.
എന്നാൽ ഇപ്പോൾ അതൊഴിവാക്കി പൊതുമരാമത്ത് മെയ്ന്റനസ് വിഭാഗമാണ് നിർവഹിക്കുന്നത്. എംസി റോഡിൽ അപകടങ്ങൾ പെരുകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് റോഡ് പരിപാലനത്തിലെ വീഴ്ചകളാണ്.
പൊതുസമൂഹം ഉയർത്തുന്ന പരാതികൾ അധികൃതർ അവഗണിക്കുകയാണെന്ന് കർമസമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിയിൽ എംസി റോഡിൽ കാലടി മുതൽ മൂവാറ്റുപുഴ വരെ 1502 അപകടങ്ങളിൽ 178പേരാണ് മരണമടഞ്ഞത്.
District News
രാജാക്കാട്: റെഡ് അലർട്ടിൽ എത്തിയ പൊന്മുടി അണക്കെട്ട് തുറന്നു. അറ്റകുറ്റ ജോലികൾക്കായി പന്നിയാർ പവർ ഹൗസ് മൂന്നു മാസത്തേക്ക് അടച്ചതിനെത്തുടർന്ന് വൈദ്യുതി ഉത്പാദനം നിർത്തിവച്ചിരുന്നു.
പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതോടെയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടർ ഇന്നലെ ഉച്ചയ്ക്കു ശേഷം 10 സെന്റീമീറ്റർ ഉയർത്തിയത്.
സെക്കൻഡിൽ 7500 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വേനൽ ആയതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറവാണ്. ജലനിരപ്പ് ക്രമീകരിക്കുന്നതോടെ ഷട്ടർ അടയ്ക്കും. പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഈ വർഷം ഇത് ഏഴാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്. പന്നിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടിൽ 707.75 അടി ആണ് പരമാവധി സംഭരണശേഷി. ഇപ്പോൾ 706.7 അടി വെള്ളമാണ് ഡാമിലുള്ളത്. 706.05 അടിയിൽ ആണ് റെഡ് അലർട്ട്.